Friday, 16 October 2020

Aamachadi Thevan

ആമചാടി തേവൻ
(ചിത്രത്തിൽ :ആമച്ചാടി തേവൻ, മേൽവസ്ത്രം ഇല്ലാത്ത സത്യാഗ്രഹ പങ്കാളി).

പുലയസമുദായത്തിലായിരുന്നു കണ്ണൻ തേവൻ ജനിച്ചത്. ഔപചാരികമായി വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കണ്ണൻ അനൗപചാരികമായ വിദ്യാഭ്യാസം നേടിയത്, പെരുമ്പളത്തിലെ പ്രമുഖമായ നായർ തറവാട്ടിലെ സഹായത്തോടെയാണ്. കണ്ണോത്തിലെ അച്ചുകുട്ടി തമ്പുരാട്ടിയാണ് കണ്ണനെ വളർത്തിയത്. ചെറുപ്പത്തിൽ തന്നെ പുരാണ മതഗ്രന്ഥങ്ങളോടൊപ്പം ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടേയും രചനകൾ മനഃപാഠമാക്കിയിരുന്നു. പൂത്തോട്ടയിലെ കോരമംഗലത്ത് വീട്ടിലെ പൊന്നാച്ചിയാണ് കണ്ണന്റെ ഭാര്യ. പൊന്നാച്ചിയെ കല്യാണം കഴിച്ചതിന് ശേഷമാണ് കണ്ണൻ ആമചാടിയിൽ താമസമായത്. തേവന് പൊന്നാച്ചിയിൽ നാലുമക്കളുണ്ടായിരുന്നു.

ഗാന്ധിയും ഗുരുവും
കെ.പി. കേശവമേനോന്റെ വളരെ അടുത്ത അനുയായിയായിരുന്ന കണ്ണൻ കേശവമേനോൻ വഴിതന്നെ മഹാത്മാഗാന്ധിയുമായി പരിചയപ്പെട്ടു. ഗാന്ധി, തേവനെ ജീവിതത്തിലെ പ്രധാനമായ സന്ദർഭങ്ങളിൽ കൈക്കൊള്ളേണ്ടുന്ന ആദർശങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. കണ്ണൻ തേവന് നാരായണ ഗുരുവിനേയും പരിചയപ്പെടാനുള്ള അവസരം ഉണ്ടായി. തൃപ്പൂണിത്തുറ പുത്തൻ കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു അവിടെയെത്തിയ ഗുരുവിനെ കാണാനെത്തിയ തേവനെ ഗുരു "തേവനല്ല ദേവനാണ്" എന്നു വിശേഷിപ്പിച്ചു എന്നും പറയപ്പെടുന്നു.

വൈക്കം സത്യാഗ്രഹം
വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിച്ച് തേവൻ പൂത്തോട്ട ക്ഷേത്രത്തിൽ ബലമായി കയറി ദർശനം നടത്തി. പൂത്തോട്ട കേസ് എന്നറിയപ്പെടുന്ന ഈ കേസായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽ റൺ. ഇതിന്റെ പേരിൽ അറസ്റ്റിലായ തേവൻ, ജയിൽമോചിതനായപ്പോൾ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്. സത്യാഗ്രഹത്തിനനുബന്ധമായി ഉണ്ടായ പ്രശ്നങ്ങളുടെ ഭാഗമായി സത്യാഗ്രഹത്തിനെതിരേ പ്രവർത്തിച്ച ഉന്നതജാതിക്കാരായ അക്രമികൾ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച്ചശക്തി ഇല്ലാതാക്കി. തേവന്റെ കൂടെ പാലക്കുഴ രാമൻ ഇളയതിന്റേയും കണ്ണിൽ ഇതേ മിശ്രിതം ഒഴിച്ചിരുന്നു. ഇതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായ തേവൻ കഠിനമായ മർദ്ദനങ്ങൾക്കു വിധേയനായി കോട്ടയം സബ് ജയിലാണ് അടക്കപ്പെട്ടിരുന്നത്. വൈക്കം സത്യാഗ്രഹം അവസാനിച്ചതിനു ശേഷം മാത്രമായിരുന്നു തേവന് കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് കെ.പി. കേശവമേനോന്റെ കത്തിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ ഗാന്ധിജി, വടക്കേ ഇന്ത്യയിൽ നിന്നും കൊടുത്തയച്ച ചില പച്ചമരുന്നുകളുടെ സഹായത്തോടെയാണ് തേവന് നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുക്കാനായത്.

ശിഷ്ട കാലം
ജയിലിൽ നിന്നും പുറത്തു വന്നശേഷം ആമചാടി തുരുത്തിലെത്തിയ തേവന് സ്വന്തം കുടിലും സ്ഥലവും നഷ്ടപ്പെട്ടതായി മനസ്സിലായി. ശേഷകാലം ടി.കെ. മാധവന്റെ ശ്രമഫലമായി തേവന്റെ പേരിൽ ഒരേക്കർ സ്ഥലം പതിച്ചുകൊടുത്തു. തേവന്റെ അവസാനകാലം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആമചാടിയിൽ തന്നെയാണ് കണ്ണൻ തേവനെയും അടക്കം ചെയ്തതും.
പിന്നീട് രചിക്കപ്പെട്ട മുഖ്യധാരാചരിത്രങ്ങളിൽ തേവന്റെ പങ്കാളിത്തം വൈക്കം സത്യാഗ്രഹത്തിന്റെ ഏട്ടിൽ നിന്നും മനഃപൂർവ്വം ഒഴിവാക്കപ്പെട്ടു എന്നും ആരോപണമുണ്ടായിട്ടുണ്ട്.പൂന്തോട്ട ശ്രീനാരായണ ഗ്രന്ഥശാല 2011-ൽ ആമചാടി തേവരുടെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ കഥ നാടകമാക്കിയിരുന്നു.

T H P Chenthassery (T Heera Prasad Chenthassery)

ടി എച്ച് പി ചെന്താരശ്ശേരി

കണ്ണൻ തിരുവന്റേയും ആനിച്ചന്‍ ആനിമയുടേയും മൂത്ത പുത്രനായി 1928 ജൂലൈ 29 ന് തിരുവല്ല ഓതറയില്‍ ടി എച്ച് പി ചെന്താരശ്ശേരി എന്ന് പ്രസിദ്ധനായ ടി ഹീരാപ്രസാദ് എന്ന ചരിത്രാന്വേഷി ജനിച്ചു. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ നിന്ന് പ്രീ-ഡിഗ്രിയും തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എം ജി കോളേജില്‍ നിന്നും ബി എ, ബി കോം ഡിഗ്രികള്‍ സമ്പാദിച്ചു. അതിനുശേഷം അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചു. 1986 ല്‍ റിട്ടയര്‍ ചെയ്തു.

1955 ല്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളു ടെ ചരിത്രങ്ങളുടെ സത്യാന്വേഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി പ്രമുഖ ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ നിരവധി ഗ്രന്ഥങ്ങള്‍ പഠിക്കുകയും പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച 'ഇളംകുളവും കേരള ചരിത്രവും' എന്ന പുസ്തകം രചിക്കുകയും ചെയ്തു. ഇത് ഒരുപക്ഷെ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ചരിത്രഗ്രന്ഥത്തെക്കുറിച്ചുള്ള ആദ്യത്തെ നിരൂപണ ഗ്രന്ഥവുമായിരിക്കും. മഹാത്മാ അയ്യന്‍കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയത് ടി എച്ച് പി ചെന്താരശ്ശേരിയാണ്. തുടര്‍ന്ന് ഡോ. അംബേഡ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നീ മഹാന്മാരെക്കുറിച്ചും ജീവചരിത്രമെഴുതി. 2012 ല്‍ സിയാന്‍സു പ്രസിദ്ധീകരിച്ച 'തലമുറകള്‍' എന്ന സാമൂഹ്യ - ചരിത്ര നോവല്‍ എഴുതി. 2014 ല്‍ കോഴിക്കോട് ബഹുജന്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'കേരള നവോത്ഥാന നായകന്മാര്‍' എന്ന ഗ്രന്ഥമെഴുതി. അതിന്റെ പ്രതിപാദ്യവിഷയം ദലിതരുടെ സാമൂഹ്യനവോത്ഥാന നായകന്മാരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് വെള്ളിക്കര ചോതി, തൈക്കാട് അയ്യാവു സ്വാമി, ടി ടി കേശവന്‍ ശാസ്ത്രി, കെ വി പത്രോസ്, എന്നീ മഹത് വ്യക്തികളുടെ ജീവിത പ്രവര്‍ത്തനങ്ങളെക്കുറിച്ച് വെളിച്ചം വീശുന്നവയായിരുന്നു അത്.

കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍, കേരള ചരിത്രധാര, കേരള മലര്‍വാടി (വയനാട്), ചേരനാട്ടു ചരിത്രശകലങ്ങള്‍, കേരള ചരിത്രത്തിനൊരു മുഖവുര, അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യ സമരങ്ങള്‍, ആദി ഇന്ത്യരുടെ ചരിത്രം, കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യന്‍കാളി തുടങ്ങിയവ അദ്ദേഹത്തിന്റെ ഇതര മലയാള ഗവേഷണ പഠനങ്ങളാണ്.

ടി ഹീരാപ്രസാദ് എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ പ്രൗഢഗവേഷണ പഠനഗ്രന്ഥങ്ങളാണ് അയ്യന്‍കാളി പ്രഥമ ദലിത് നേതാവ്, ഇന്ത്യയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ചരിത്രം, അംബേഡ്കറും ഇന്ത്യാ ചരിത്രവും എന്നിവ. ഈ ഗ്രന്ഥങ്ങള്‍ കേരള ചരിത്രത്തിലെ അറിവിന്റെ ആകാശ ഗോപുരങ്ങളായി വര്‍ത്തിക്കുന്നു.

കേരളത്തിലെ ചില പ്രദേശങ്ങളുടെ വിവരണങ്ങളാണ് കേരളത്തിലെ വിരിമാറിലൂടെ, അവന്റെ യാത്രകള്‍ തുടങ്ങിയവ. കഴിഞ്ഞ നൂറ്റാണ്ടുകാല ത്തെ അദ്ദേഹത്തിന്റെ സാഹിത്യ - സാംസ്‌കാരിക - ചരിത്ര സംഭാവനകളെ മുന്‍നിര്‍ത്തി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2012 ല്‍ നല്‍കി ആദരിച്ചു. 1919 ല്‍ നാഷനല്‍ ദലിത് സാഹിത്യ അവാര്‍ഡും 2000 ല്‍ അംബേഡ്കര്‍ ഇന്റര്‍ നാഷനല്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. ചരിത്രകാരന്‍ എന്ന നിലയില്‍ മറ്റനേകം അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ടി എച്ച് പി ചെന്താരശ്ശേരി രചിച്ച 30 പുസ്തകങ്ങളെ മാനദണ്ഡമാക്കി നാലാമത് പ്രൊഫ. എ ശ്രീധരമേനോന്‍ മെമ്മോറിയല്‍ കേരളശ്രീ സമ്മാന്‍ അവാര്‍ഡ് 2014 ജൂലൈയില്‍ അദ്ദേഹത്തിനു ലഭിച്ചു. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് കേരള സ്റ്റഡീസ് ഇന്ത്യയിലെ മുതിര്‍ന്ന ചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ചു. ദലിത് ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ആദരിച്ചത്. ദ്ദേഹം നോവല്‍, നാടകം, യാത്രാവിവരണങ്ങള്‍ എന്നിവ എഴുതി മലയാള ഭാഷയേയും സാഹിത്യത്തേയും പരിപോഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ 6 പതിറ്റാണ്ടുകളായി മുഖ്യധാരാ വൈജ്ഞാനിക മേഖലയിലെ തിളങ്ങി നിന്ന വിളക്കാണ് അണഞ്ഞുപോയത് 

Arattupuzha Velayudha Panikkar

ആറാട്ടുപുഴ വേലായുധ പണിക്കർ

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഈഴവ പോരാളിയായിരുന്നു ആറാട്ടുപുഴ(ആലപ്പുഴ ജില്ലയിലെ) വേലായുധപ്പണിക്കർ (1825 - ജനുവരി 1874). കല്ലശേരിൽ വേലായുധചേകവർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം.

മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള ധനിക കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശിയായിരുന്നു വേലായുധപ്പണിക്കർ.ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്തുള്ള മംഗലം ഇടയ്ക്കാട് എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ബ്രാഹ്‌മണന്റെ വേഷത്തിൽ വൈക്കം ക്ഷേത്രത്തിലെത്തി അദ്ദേഹം അവിടെ താമസിച്ച് താഴ്‌ന്ന ജാതിക്കർക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിർമ്മാണവും ആചാരങ്ങളും പഠിച്ചു. ചെറുപ്പത്തിൽ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും അഭ്യസിച്ചു. ആറേഴു കുതിരകൾ, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവ അദ്ദേഹത്തിനു വാഹനമായുണ്ടായിരുന്നു.നാരായണഗുരുവിന്റെ അരുവിപ്പുറംശിവപ്രതിഷ്ഠക്ക് 37 വർഷം മുൻപ് ശിലപ്രതിഷ്ഠിച്ച് സാമൂഹ്യവിപ്ളവത്തിന് അദ്ദേഹം തുടക്കം കുറിച്ചു.വാരണപ്പള്ളി തറവാട്ടിലെ വെളുത്തയെന്ന സ്തീയെയാണ് വിവാഹം കഴിച്ചത്.ഏത്താപ്പ് വിപ്ളവം,മൂക്കൂകുത്തി സമരം,വഴിനടക്കൽ വിപ്ളവം,കാർഷികസമരം തുടങ്ങിയവക്ക് നേതൃത്വം വഹിച്ചു. മംഗലം ഇടയ്ക്കാട് സ്കൂളിൽ ഇന്നും അദ്ദേഹത്തിന്റെ ഒരു എണ്ണഛായാ ചിത്രമുണ്ട് .

Kavarikkulam Kandan Kumaran

ശ്രീ കാവാരികുളം കണ്ഠൻ കുമാരൻ
കിരാത കാലഘട്ടത്തിൽ അ:ധസ്ഥിത വർഗ്ഗങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെട്ട ജാതിവർണ്ണ വിവേചനത്തിനെതിരെ പോരാടിയ മഹത് വ്യക്തികളുടെ പോരാട്ടവഴികളിൽ അറിയപ്പെടാതെ പോയ അനേകരിൽ ഒരാളാണ് ശ്രീ കാവാരിക്കുളം കണ്ഠൻ കുമാരൻ. കൊല്ലം ജില്ലയിൽ പെട്ട മല്ലപ്പള്ളി പെരുമ്പട്ടി എന്ന ഗ്രാമത്തിൽ (ഇന്നത്തെ പത്തനംതിട്ട ജില്ല)1863 ഒക്ടോബർ 25 നു ജനനം, ബ്രിട്ടീഷ് ഭരണകാലം ആയിരുന്നെങ്കിലും അയിത്തജാതികൾക്ക് വിദ്യനിഷേധിക്കപ്പെട്ട കാലം ആയിരുന്നു.
കാവാരികുളം കണ്oൻ കുമാരനു കുട്ടിക്കാലത്തു തന്നെ അറിവുകളോടു താൽപര്യമുള്ളതിനാൽ മാതാപിതാക്കളുടെ സഹകരണത്തോടെ ആ ഗ്രാമത്തിലെ കിട്ടുപിള്ള എന്ന ആശാൻ്റെ കീഴിൽ മറ്റാരും അറിയാതെ രാത്രികാല പഠനത്തിലൂടെ സംസ്കൃതം ഉൾപ്പടെ അക്ഷരാഭ്യാസം നേടാനായി. അക്കാലത്ത് തൻ്റെ ജനവിഭാഗങ്ങൾ ഗ്രാമത്തിനു വെളിയിൽ അപ്രാപ്യമായ സ്ഥലങ്ങളിൽ വഴിയും വഴിത്താരയും ഇല്ലാത്തതും വാസയോഗ്യം അല്ലാത്ത കുടിലുകളിലുമാണ് ജീവിച്ചിരുന്നത് എന്നത് മനസ്സിലാക്കുകയും ക്ലേശകരമായ യാത്രകൾ നടത്തി അവരുടെ കുടിലുകളിൽ എത്തി എല്ലാവരെയും ഒത്തുകൂട്ടി അവരെ പുതുജീവനത്തിൻ്റെ അറിവുകളും സംഘടനാ ബോധത്തിൻ്റെ ആവിശ്യകതയും പുതുജീവനത്തിൻ്റെ പാതകൾ വിവരിച്ചു നൽകുകയും ചെയ്തു കൊണ്ടിരുന്നു.
അത്തരം പ്രവർത്തിയിലൂടെ അവരിൽ സാമൂഹിക ജീവിത കാഴ്ച്ചപ്പാടുകൾ സൃഷ്ടിക്കപ്പെടുകയും ലക്ഷ്യബോധമില്ലാതെ ചിന്നി ചിതറി കിടന്ന പറയ സമൂഹത്തെ ഒത്തൊരുമിക്കുകയും അവരെ ഒരു സംഘടനയുടെയും ഒരു കൊടിയുടെ കീഴിലും അണിനിരത്താനും കാവാരികുളം കണ്ഠൻ കുമാരനു സാധിച്ചു. 1911 ഓഗസ്റ്റ് 29ചങ്ങനാശ്ശേരി ചന്തക്കുസമീപം മണലോടി എന്ന സ്ഥലത്തു കാവാരി കുളത്തിൻ്റെ അദ്ധ്യക്ഷതയിൽ യോഗം കൂടുകയും അവിടെ വെച്ച് ബ്രഹ്മപ്രത്യക്ഷ സാധുജന പറയർ സംഘം രൂപീകരിക്കപ്പെട്ടു.
ശ്രീ മൂലം തിരുന്നാൾ രാമവർമ്മയാൽ സ്ഥാപിതമായ 1898 ലെ ലെജിസ്ലേറ്റീവ് കൗസിൽ (പിന്നീടു പേരു മാറ്റം വരുത്തി) പ്രജാസഭ ആകുകയും ആ സഭയിൽ ജാതികളെ കേന്ദ്രീകരിച്ചു അനേകർ അംഗങ്ങളായിരുന്നു. അ:ധസ്ഥിത വർഗ്ഗങ്ങളിൽ മഹാത്മ അയ്യൻകാളി കഴിഞ്ഞാൽ എറ്റവും കൂടുതൽ കാലം പ്രജാ സഭാ സാമാജികനായിരുന്ന വ്യക്തിയും കാവാരികുളം കണ്ഠൻ കുമാരൻ ആയിരുന്നു.
അയിത്തജാതികളുടെ സാമൂഹികപരമായ മാറ്റങ്ങൾക്ക് വേണ്ടി പല നിർദ്ദേശങ്ങളും ആവിശ്യങ്ങളും അവതരിക്കപ്പെട്ടു. മഹാരാജാവിൻ്റെ ഉത്തരവു നേടി പ്രാബല്യത്തിൽ വരുത്തുവാനും കണ്ഠൻ കുമാരനു സാധിച്ചിട്ടുണ്ട്. അയിത്തജാതിക്കാർ എന്തു നേടിയാലും വിദ്യ തന്നെ പ്രധാനം എന്നു മനസ്സിലാക്കി തൻ്റെ സ്വപ്രയത്നത്താൽ അന്നത്തെ കാലത്ത് 52 ഓളം ഏകാദ്ധ്യാപക കുടി പള്ളി കൂടങ്ങൾ സ്ഥാപിക്കുകയും അവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് സർക്കാർ ഗ്രാൻ്റ് അനുവദിപ്പിക്കുകയും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള ഏർപ്പാടുകൾ മഹാരാജാവിനാൽ സാദ്ധ്യപ്പെടുത്തുകയും ചെയ്തു.
(കടപ്പാട്)

Friday, 9 October 2020

Mahatma Ayyankali

മഹാത്മ അയ്യൻകാളി


ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.' ജാതിയുടെ പേരിൽ വിദ്യ നിഷേധിച്ചവർക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തി അയ്യങ്കാളിയുടെ വാക്കുകൾ. ആ വാക്കുകളുടെ മൂർച്ചയിൽ ഒട്ടിയവയറും ഉജ്ജ്വല സ്വപ്നങ്ങളുമായി ഒരു വർഷം നീണ്ട സമരം. ഒടുവിൽ അധസ്ഥിത വർഗ്ഗത്തിന് സാർഥകമായത് അക്ഷരമധുരം.

സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ജനതയ്ക്ക് വഴി നടക്കാനും അക്ഷരമഭ്യസിക്കാനുള്ള അവകാശം നേടിയെടുക്കാനുമായി നിരന്തര സമരജീവിതം നയിച്ച അയ്യങ്കാളി അന്തരിച്ചിട്ട് ശനിയാഴ്ച 75 വർഷം തികയുന്നു.

അക്ഷരത്തിന്റെ ലോകം അന്യമായിരുന്ന തന്റെ ദുരവസ്ഥ സമൂഹത്തിനുണ്ടാകരുതെന്ന ചിന്തയിൽനിന്ന് അദ്ദഹേം സാധുജനപരിപാലന സംഘവും കുടിപ്പളളിക്കൂടവും തുറന്നു. 1914ൽ പിന്നാക്ക ശിശുക്കൾക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂർ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളിൽ ചേർക്കുകയും ചെയ്തു.

തിരുവനന്തപുരം വെങ്ങാനൂരിലെ പെരുങ്കാട്ടുവിള പ്ലാവന്തര വീട്ടിൽ 1863 ആഗസ്റ്റ് 28നായിരുന്നു അയ്യങ്കാളിയുടെ ജനനം.

1911 ഡിസംബർ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്തു. 25 വർഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകൾ പരിഹരിച്ചുകിട്ടുവാൻ പരിശ്രമിച്ചുപോന്നു.
അവർണ്ണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി വെങ്ങാനൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്ര പുതിയൊരു വഴിവെട്ടലിന്റെതായി മാറി.

1941 ജൂൺ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കർമ്മനിരതനായിരുന്നു. ആ മഹത് ജീവിതത്തിന്റെ സ്മരണ നിലനിർത്തി വെങ്ങാനൂരിൽ അദ്ദേഹത്തിന്റെ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചുപോരുന്നു.

Mahatma Ayyankali

Mahatma Ayyankali

V C Sivarajan

Thuravoor Suresh