Friday, 16 October 2020

Kavarikkulam Kandan Kumaran

ശ്രീ കാവാരികുളം കണ്ഠൻ കുമാരൻ
കിരാത കാലഘട്ടത്തിൽ അ:ധസ്ഥിത വർഗ്ഗങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെട്ട ജാതിവർണ്ണ വിവേചനത്തിനെതിരെ പോരാടിയ മഹത് വ്യക്തികളുടെ പോരാട്ടവഴികളിൽ അറിയപ്പെടാതെ പോയ അനേകരിൽ ഒരാളാണ് ശ്രീ കാവാരിക്കുളം കണ്ഠൻ കുമാരൻ. കൊല്ലം ജില്ലയിൽ പെട്ട മല്ലപ്പള്ളി പെരുമ്പട്ടി എന്ന ഗ്രാമത്തിൽ (ഇന്നത്തെ പത്തനംതിട്ട ജില്ല)1863 ഒക്ടോബർ 25 നു ജനനം, ബ്രിട്ടീഷ് ഭരണകാലം ആയിരുന്നെങ്കിലും അയിത്തജാതികൾക്ക് വിദ്യനിഷേധിക്കപ്പെട്ട കാലം ആയിരുന്നു.
കാവാരികുളം കണ്oൻ കുമാരനു കുട്ടിക്കാലത്തു തന്നെ അറിവുകളോടു താൽപര്യമുള്ളതിനാൽ മാതാപിതാക്കളുടെ സഹകരണത്തോടെ ആ ഗ്രാമത്തിലെ കിട്ടുപിള്ള എന്ന ആശാൻ്റെ കീഴിൽ മറ്റാരും അറിയാതെ രാത്രികാല പഠനത്തിലൂടെ സംസ്കൃതം ഉൾപ്പടെ അക്ഷരാഭ്യാസം നേടാനായി. അക്കാലത്ത് തൻ്റെ ജനവിഭാഗങ്ങൾ ഗ്രാമത്തിനു വെളിയിൽ അപ്രാപ്യമായ സ്ഥലങ്ങളിൽ വഴിയും വഴിത്താരയും ഇല്ലാത്തതും വാസയോഗ്യം അല്ലാത്ത കുടിലുകളിലുമാണ് ജീവിച്ചിരുന്നത് എന്നത് മനസ്സിലാക്കുകയും ക്ലേശകരമായ യാത്രകൾ നടത്തി അവരുടെ കുടിലുകളിൽ എത്തി എല്ലാവരെയും ഒത്തുകൂട്ടി അവരെ പുതുജീവനത്തിൻ്റെ അറിവുകളും സംഘടനാ ബോധത്തിൻ്റെ ആവിശ്യകതയും പുതുജീവനത്തിൻ്റെ പാതകൾ വിവരിച്ചു നൽകുകയും ചെയ്തു കൊണ്ടിരുന്നു.
അത്തരം പ്രവർത്തിയിലൂടെ അവരിൽ സാമൂഹിക ജീവിത കാഴ്ച്ചപ്പാടുകൾ സൃഷ്ടിക്കപ്പെടുകയും ലക്ഷ്യബോധമില്ലാതെ ചിന്നി ചിതറി കിടന്ന പറയ സമൂഹത്തെ ഒത്തൊരുമിക്കുകയും അവരെ ഒരു സംഘടനയുടെയും ഒരു കൊടിയുടെ കീഴിലും അണിനിരത്താനും കാവാരികുളം കണ്ഠൻ കുമാരനു സാധിച്ചു. 1911 ഓഗസ്റ്റ് 29ചങ്ങനാശ്ശേരി ചന്തക്കുസമീപം മണലോടി എന്ന സ്ഥലത്തു കാവാരി കുളത്തിൻ്റെ അദ്ധ്യക്ഷതയിൽ യോഗം കൂടുകയും അവിടെ വെച്ച് ബ്രഹ്മപ്രത്യക്ഷ സാധുജന പറയർ സംഘം രൂപീകരിക്കപ്പെട്ടു.
ശ്രീ മൂലം തിരുന്നാൾ രാമവർമ്മയാൽ സ്ഥാപിതമായ 1898 ലെ ലെജിസ്ലേറ്റീവ് കൗസിൽ (പിന്നീടു പേരു മാറ്റം വരുത്തി) പ്രജാസഭ ആകുകയും ആ സഭയിൽ ജാതികളെ കേന്ദ്രീകരിച്ചു അനേകർ അംഗങ്ങളായിരുന്നു. അ:ധസ്ഥിത വർഗ്ഗങ്ങളിൽ മഹാത്മ അയ്യൻകാളി കഴിഞ്ഞാൽ എറ്റവും കൂടുതൽ കാലം പ്രജാ സഭാ സാമാജികനായിരുന്ന വ്യക്തിയും കാവാരികുളം കണ്ഠൻ കുമാരൻ ആയിരുന്നു.
അയിത്തജാതികളുടെ സാമൂഹികപരമായ മാറ്റങ്ങൾക്ക് വേണ്ടി പല നിർദ്ദേശങ്ങളും ആവിശ്യങ്ങളും അവതരിക്കപ്പെട്ടു. മഹാരാജാവിൻ്റെ ഉത്തരവു നേടി പ്രാബല്യത്തിൽ വരുത്തുവാനും കണ്ഠൻ കുമാരനു സാധിച്ചിട്ടുണ്ട്. അയിത്തജാതിക്കാർ എന്തു നേടിയാലും വിദ്യ തന്നെ പ്രധാനം എന്നു മനസ്സിലാക്കി തൻ്റെ സ്വപ്രയത്നത്താൽ അന്നത്തെ കാലത്ത് 52 ഓളം ഏകാദ്ധ്യാപക കുടി പള്ളി കൂടങ്ങൾ സ്ഥാപിക്കുകയും അവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് സർക്കാർ ഗ്രാൻ്റ് അനുവദിപ്പിക്കുകയും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കുള്ള ഏർപ്പാടുകൾ മഹാരാജാവിനാൽ സാദ്ധ്യപ്പെടുത്തുകയും ചെയ്തു.
(കടപ്പാട്)

No comments:

Post a Comment