മഹാത്മ അയ്യൻകാളി
ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.' ജാതിയുടെ പേരിൽ വിദ്യ നിഷേധിച്ചവർക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയർത്തി അയ്യങ്കാളിയുടെ വാക്കുകൾ. ആ വാക്കുകളുടെ മൂർച്ചയിൽ ഒട്ടിയവയറും ഉജ്ജ്വല സ്വപ്നങ്ങളുമായി ഒരു വർഷം നീണ്ട സമരം. ഒടുവിൽ അധസ്ഥിത വർഗ്ഗത്തിന് സാർഥകമായത് അക്ഷരമധുരം.
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരു ജനതയ്ക്ക് വഴി നടക്കാനും അക്ഷരമഭ്യസിക്കാനുള്ള അവകാശം നേടിയെടുക്കാനുമായി നിരന്തര സമരജീവിതം നയിച്ച അയ്യങ്കാളി അന്തരിച്ചിട്ട് ശനിയാഴ്ച 75 വർഷം തികയുന്നു.
അക്ഷരത്തിന്റെ ലോകം അന്യമായിരുന്ന തന്റെ ദുരവസ്ഥ സമൂഹത്തിനുണ്ടാകരുതെന്ന ചിന്തയിൽനിന്ന് അദ്ദഹേം സാധുജനപരിപാലന സംഘവും കുടിപ്പളളിക്കൂടവും തുറന്നു. 1914ൽ പിന്നാക്ക ശിശുക്കൾക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂർ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളിൽ ചേർക്കുകയും ചെയ്തു.
തിരുവനന്തപുരം വെങ്ങാനൂരിലെ പെരുങ്കാട്ടുവിള പ്ലാവന്തര വീട്ടിൽ 1863 ആഗസ്റ്റ് 28നായിരുന്നു അയ്യങ്കാളിയുടെ ജനനം.
1911 ഡിസംബർ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്തു. 25 വർഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകൾ പരിഹരിച്ചുകിട്ടുവാൻ പരിശ്രമിച്ചുപോന്നു.
അവർണ്ണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി വെങ്ങാനൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി നടത്തിയ വില്ലുവണ്ടിയാത്ര പുതിയൊരു വഴിവെട്ടലിന്റെതായി മാറി.
1941 ജൂൺ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കർമ്മനിരതനായിരുന്നു. ആ മഹത് ജീവിതത്തിന്റെ സ്മരണ നിലനിർത്തി വെങ്ങാനൂരിൽ അദ്ദേഹത്തിന്റെ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചുപോരുന്നു.
No comments:
Post a Comment